Thursday, November 17, 2011

കാത്തിരിപ്പ്
















ഒരായുസ്സു മുഴുവന്‍ നുകര്‍ന്നാലും

തീരാത്തമധുവായി തീരാന്‍ നിനക്കാവുമോ?

എങ്കില്‍ ഞാനെന്‍റെ പാനപാത്രം

ഒഴിച്ചു വെയ്ക്കാം - നിനക്കു നിറയാന്‍



വര്ഷം മുഴുവന്‍ പെയ്താലും പെയ്തൊഴിയാതെ

മേഘമായി തീരാന്‍ നിനക്കാവുമോ?

എങ്കില്‍ ഞാന്‍ കാത്തിരിക്കാം

വരണ്ട നിലമായി - നിനക്കു പെയ്തു തീരാന്‍

പൂവുകള്‍ തോറും മധു നുകരുന്ന
ചിത്രശലഭമായ് നീ വരുമെങ്കില്‍

ഞാനൊരു പൂന്തോട്ടമായ് മാറാം

നിനക്കു തേന്‍ നുകരാന്‍



വര്‍ഷമായ്, വേനലായ്‌ , മഞ്ഞായ്‌ , കുളിര്‍തെന്നലായ്‌

നീ എന്നരികില്‍ അണയുമെങ്കില്‍

‍ഞാന്‍ നിന്നിലലിഞ്ഞു ചേരാം

പ്രിയേനിനക്കു വേണ്ടി - കാലങ്ങളോളം

Monday, August 29, 2011

ഇനിയും കഥ തുടരും












ആകാശം കറുത്തിരുണ്ടു,മഴ ഇപ്പോള്‍ ‍ പെയ്യും-മുന്പുംു അങ്ങനെ തന്നെയായിരുന്നു ഇനിയും അങ്ങനെ തന്നെ അത് തുടരും.
ഋതുക്കള്‍ മാറി മാറി വരുന്നു. വര്‍ഷം, വസന്തം , വേനല്‍ ,എല്ലാം ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു,കാലമെന്ന പ്രതിഭാസത്തില്‍ അങ്ങനെ നാമറിഞ്ഞോ അറിയാതെയോ പലതും സംഭവിക്കുന്നു. .അങ്ങനെ എത്ര കാലങ്ങള്‍ കടന്നു പോയിരിക്കുന്നു .കടന്നു പോയത് ആയിരക്കണക്കിന് ദിനങ്ങളാണ് .തിരിഞ്ഞു നോക്കുമ്പോള്‍
പഴയ കാലങ്ങള്‍ മനസ്സിലൂടെ ഓടി വരുന്നു .
കാണുന്നതെല്ലാം കൌതുകം ആയിരുന്ന കാലം പോയി മറഞ്ഞിരിക്കുന്നു .പുതിയ കൌതുകങ്ങള്‍ നമ്മെ തേടി വന്നു കൊണ്ടിരിക്കുന്നു.
ആശിച്ചതും അതിനപ്പുറവും നാം നേടിയിരിക്കാം.ഈ നേട്ടങ്ങള്‍ എല്ലാം നൈമിഷികം മാത്രം.കാലം,പ്രകൃതി ഇവ മാറി വരുന്നതും ,പുതിയ സ്ഥലങ്ങള്‍,അന്തരീക്ഷങ്ങള്‍ എല്ലാം അനുഭവിച്ചതും ഓര്‍ക്കുന്നു. ആഗ്രഹങ്ങളും ,പ്രതീക്ഷകളും
അധികമാവുമ്പോള്‍ ജീവിതം മതിയാവില്ലെന്ന് തോന്നും.
ഒരു മഴ നനയാന്‍ ,കായല്‍ തീരത്തെ കാറ്റ് കൊള്ളാന്‍,പഴയ കാലം തിരിച്ചു കിട്ടാന്‍
നാം എന്നും ആശിക്കാറുണ്ട്.അതൊക്കെ വെറുതെ ചിന്തിക്കാമെന്നല്ലാതെ-ആ കാലം തിരിച്ചു വരില്ലെന്ന് അറിയാമെങ്കിലും-വെറുതെ വെറുതെ..
ഇനിയും കടന്നു പോകും ഇത്രയും നാളുകള്‍,മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ മറ്റൊരു കാലയളവ്‌ കൂടി .അതിനു ശേഷം നാം
നമ്മുടെ ഓട്ടം പൂര്‍ത്തിയാക്കും.കഴിഞ്ഞു പോയ നല്ല ഇന്നലെകള്‍ ഓര്‍ത്തു കൊണ്ട് നാമങ്ങനെ വീണ്ടും ..

Thursday, June 10, 2010

നിനക്കായ്










ഇരുള്‍ മൂടുമി വഴിത്താരയിലെപ്പൊഴോ
നിന്നെക്കുറിച്ചോര്‍ത്തു നടന്നു പോയ് ഞാന്‍
ഇരുളും വെളിച്ചവും കലരുമീ താഴ്വരയില്‍
നിന്നെയും തിരഞ്ഞു നടന്നു പോയ് ഞാന്‍
നീയെന്‍റെ സ്വപ്നങ്ങള്‍ക്ക് നിറച്ചാര്‍ത്തെകിയ ll
ഏഴു വര്‍ണ്ണങ്ങളുള്ളോരു രാജകുമാരിയല്ലയോ
നീ നടന്നു നീങ്ങുന്ന വഴിയിലൂടെ
നിന്നെയും തന്നെ ഞാന്‍ നോക്കി നില്‍ക്കും
നീ പോയ് മറയുമ്പോള്‍ തിരിച്ചുവരാനാകാത്തത്ര
അകലേക്കാണ് നീ പോകുന്നതെന്ന് ഞാനോര്‍ക്കും
ആ വാകമരത്തണലും വിദ്ദ്യാലയാങ്കണവും നമ്മെ തഴുകി
കടന്നു പോയ ഇളം തെന്നലും നിഷ്ക്കളങ്ക ബാല്യവും
എന്നെ നിന്ന്നെക്കുറിച്ചോര്‍മ്മിപ്പിക്കുന്നു
തിരിച്ചു വരില്ലെന്നറിയാമെങ്കിലും ആ കാലം
ഓര്‍മ്മകളിലൂടെ ഞാനത് തിരിച്ചു പിടിക്കുന്നു
ഇനിയൊരു ജന്മമുണ്ടോയെന്നറിയില്ല
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു സഖി - നിനക്കായ്

Wednesday, December 2, 2009

ഡിസംബറിന്റെ നഷ്ടം





ഡിസംബര്‍-ഉണരാന്‍ മടിക്കുന്ന പ്രകൃതി.മൂടല്‍മഞ്ഞാല്‍ ചുറ്റപ്പെട്ട് അന്തരീക്ഷമാകെ മരവിച്ചിരിക്കുന്നു.നിറഞ്ഞൊഴുകുന്ന തോടിന്റെ ശബ്ദം കേള്‍ക്കാം.അകലെ നിന്നുള്ള പള്ളിമണി മുഴങ്ങുന്നു.പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി കിടക്കാന്‍ തോന്നിപ്പിക്കുന്ന കുളിര്.അമ്മയുടെ വിളി കെട്ടാവും ഉണരുക.എങ്കിലും അത് കേട്ടില്ലെന്നു നടിച്ചു കമഴ്ന്നു കിടക്കും.
പത്രക്കാരന്റെ ബെല്ലടിയാണ്,തലയില്‍ ഒരു തോര്‍ത്തും ചുറ്റി പുള്ളിക്കാരന്‍ രാവിലെ തന്നെയെത്തി.തണുപ്പൊന്നും ഒരു പ്രശ്നമല്ലെന്ന് തോന്നും ആ പോക്ക് കണ്ടാല്‍.പണ്ടും ഇയാള് തന്നെയായിരുന്നു പത്രം കൊണ്ട് വന്നിരുന്നത്.
അന്ന്-എന്ന് വെച്ചാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്-ഞാനും ഒരു പത്ര വിതരണം സംഘടിപ്പിച്ചിരുന്നു.പക്ഷെ വീട്ടുകാരുടെ എതിര്‍പ്പ് മൂലം അത് നടന്നില്ല.
ഡിസംബറിലെ ദിനരാത്രങ്ങള്‍ക്ക് ഒരു ഉത്സവ പ്രതീതിയാണുള്ളത്. പ്രകൃതിയുടെ ആനന്ദം മനസ്സിനെയും സന്തോഷിപ്പിക്കും.നേര്‍ത്ത മഞ്ഞിന്റെ അകമ്പടിയോടെയുള്ള നിലാവെളിച്ചം,അത് ഡിസംബറിനു മാത്രമാവകാശപ്പെട്ടതാണ്.ആ രാത്രികളില്‍ വീടിനു വെളിയില്‍ നേര്‍ത്ത സംഗീതത്തിന്റെ അകമ്പടിയോടെ ആ മഞ്ഞിലങ്ങനെ ലയിച്ചി
രിക്കുന്നത് വല്ലാത്തോരനുഭൂതിയാണ് .അസുലഭമായി മാത്രം കിട്ടുന്ന മുഹൂര്‍ത്തം. (മഞ്ഞു കൊണ്ടാല്‍ അസുഖം വരുമെന്ന വീട്ടുകാരുടെ മുന്നറിയിപ്പ് വകവെയ്ക്കണ്ട). ഇതെല്ലം എന്റെ ഡിസംബറിന്റെ നഷ്ടങ്ങളാണ്.കഴിഞ്ഞ കാലങ്ങളിലെ നഷ്ട സ്മൃതികള്‍.ഇന്നതിന്റെ ഓര്‍മ്മകള്‍ എന്നെ നിര്‍വൃതിയണിയിക്കുന്നു . അന്ന് ഞാന്‍ ചിന്തിചിരുന്നുവോ വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ദിനം വന്നെത്തുമെന്ന്?
കഴിഞ്ഞകാല സംഭവങ്ങള്‍ ആലോചിച്ചു ഞാനിരിക്കുമെന്ന്?നാളെകളില്‍ എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിക്കാറുണ്ട് .പക്ഷെ നാളെകള്‍ ഒരു മരീചികയായി തന്നെ തുടരുന്നതാണ് നല്ലത്.നാളെകളെ കുറിച്ചുള്ള പ്രതീക്ഷകളാണ് നമ്മെ മുന്നോട്ടു നയിക്കുന്നത് തന്നെ.
പഴയകാലത്തിന്റെഓര്‍മ്മകളും നാളെയെക്കുറിച്ചുള്ളപ്രതീക്ഷകളും,ഇവ രണ്ടുമില്ലായിരുന്നുവെന്കില്‍ ജീവിതം എത്ര അര്‍ത്ഥശൂന്യമായിപോയേനെ.ഒരു നിമിഷം നാമൊന്നു ചിന്തിക്കുമ്പോള്‍ ,കഴിഞ്ഞു പോയത് എത്രയോ ദിനരാത്രങ്ങള്‍ ആണെന്ന് മനസ്സിലാവും.പക്ഷെ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നുവെങ്കില്‍ അത് നമ്മുടെ ഓര്‍മ്മകളില്‍ സജീവമായിരിക്കുന്നത് കൊണ്ടാണ്.
ഓര്‍മ്മകളിലെക്കൊരു തിരിഞ്ഞു നോട്ടം,അതെ നഷ്ടപ്പെട്ടു പോയ ആ കാലം -അത് തേടിയുള്ള യാത്ര.അകലെ നിന്നുള്ള മഴയുടെ ഇരമ്പത്തിനു കാതോര്‍ത്തു,നടന്നുപരിചയിച്ചവഴികളിലൂടെ

ഓര്‍മ്മകള്‍ തേടി,കുന്നിന്‍ പുറങ്ങള്‍ കയറിയിറങ്ങി,ജനിസ്മൃതികള്‍ തേടിയൊരു യാത്ര........

Tuesday, October 6, 2009

മഴ

























ഭൂമിയെ ഈറനണിയിക്കുന്ന,

മനസ്സിനെ ഉന്മാദത്തിലാക്കുന്ന,

പ്രകൃതിയുടെ വരദാനമാണ് മഴ

മഴ കാത്തിരിക്കുമ്പോള്‍ അകലെ നിന്നുള്ള

മഴയുടെ തുടികൊട്ട് കേള്‍ക്കാം

പിന്നെയത് ഉത്സവമേളം മുറുകുന്നത് പോലെ

ആരോഹണതിലെക്കുള്ള പ്രയാണമാകുന്നു

മഴയില്‍ കൊച്ചു കളിവള്ളങ്ങളുണ്ടാക്കി

ഒഴുക്കി വിട്ടതോര്‍ക്കുന്നു

പുതിയ കുട ചൂടാന്‍ മഴയ്ക്കായി കാത്തിരുന്ന

കുട്ടിക്കാലമോര്‍മ്മ വരുന്നു

ഇന്നിപ്പോള്‍ ആ ഓര്‍മ്മകളൊക്കയും

താലോലിക്കുവാന്‍ ഞാന്‍ മഴക്കായി കാത്തിരിക്കുന്നു.


നിലാവ്





മഞ്ഞു മാസം,കുളിരുള്ള മാസം
അതാണെനിക്ക് ഡിസംബര്‍
മറ്റൊരു ഋതുവിലും കാണാത്ത
സൌന്ദര്യമാണ് ഡിസംബറിലെ രാത്രികള്‍ക്ക്
ഈ രാത്രികളെ ഇത്രയധികം
ഹൃദ്യമാക്കുന്നത്‌ നിലാവാണ്‌
തെങ്ങോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന
ഈറന്‍ നിലാവ്
മേഘങ്ങള്‍ക്കിടയിലൂടെ എത്തിനോക്കുന്ന
രാത്രിയിലും ഭൂമിയെ നഗ്നമാക്കുന്ന
പൂനിലാവ്‌.

കാറ്റ്



ഇലകളെ തഴുകി കടന്നു വരുന്ന

കാറ്റിനു എന്ത് സൌന്ദര്യമാണ്

ഇലകളെ തൊട്ടുണര്‍ത്തുക മാത്രമല്ല

അത് എന്നെയും അനുഭൂതിയിലാഴ്ത്തുന്നു

ഉച്ചസമയം വീശിയടിക്കുന്ന കാറ്റിനു

ഒരു താരാട്ടിന്റെ ഭാവമാണുള്ളത്

ആ താരാട്ടു പാട്ടില്‍ ഞാന്‍ ലയിക്കുമ്പോള്‍

ഉറക്കം എന്റെ കണ്ണുകളെ മൂടുന്നുണ്ടാവും