അന്ന് മഴ പെയ്തിരുന്നോ എന്നോര്‍മയില്ല,എങ്കിലും മനസ്സില്‍ മഴയുണ്ടായിരുന്നു.
ആദ്യമായി സ്കൂളിലേക്ക് പോകാന്‍ തുടങ്ങുന്നതിന്റെ ആഹ്ലാദം. കുട ചൂടി സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ ,ഒറ്റയ്ക്കും കൂട്ടമായും നടന്നു പോകുന്ന അവരിലോരാളകാന്‍ ഞാന്‍
ആഗ്രഹിച്ചിരുന്നു.പക്ഷെ അച്ഛന്റെ വിരല്‍ത്തുമ്പു പിടിച്ചാണ് ഞാന്‍ സ്കൂളിന്റെ പടികള്‍ ചവിട്ടിയത്.
സുന്ദരമായ പ്രഭാതം,വെയിലിനു അധികം ചൂടുണ്ടയിരുന്നില്ല,തണുത്ത കാറ്റ് എപ്പോഴും എന്നെ തഴുകി കടന്നു പോകുന്നുണ്ടായിരുന്നു.ഇത്രയധികം കുട്ടികള്‍ എവിടുന്നാണ് വരുന്നത് എന്നെനിക്കത്ഭുതമായിരുന്നു.എന്റ്റെ വീടും തോടും കഴിഞ്ഞാല്‍ മറ്റൊരു പ്രദേശം എനിക്കറിവുണ്ടായിരുന്നില്ല.എന്നെപോലെ എല്ലാവരുടെയും കണ്ണുകളില്‍ അമ്പരപ്പും ഭയവും ഞാന്‍ കാണുന്നുണ്ടായിരുന്നു.അമ്മയോ അച്ഛനോ പോയിക്കഴിഞ്ഞാല്‍ അലമുറയിടുന്ന കുട്ടികള്‍,അവരെ നിയന്ത്രിക്കാന്‍ പാടുപെടുന്ന അദ്ധ്യാപിക(അവരൊരു കന്യാസ്ത്രീ ആയിരുന്നു).
പക്ഷെ ഉച്ചഭക്ഷണ സമയത്താണ് ഞാന്‍ കരഞ്ഞു പോയത്,ചോറ് പാത്രം തുറന്നപ്പോ അതില്‍ നിറച്ചും ഉറുമ്പ്.കളയാന്‍ തോന്നിയില്ല,ആരെങ്കിലും വഴക്ക് പറഞ്ഞാലോ എന്നായിരുന്നു ഭയം.പക്ഷെ കഴിച്ചു പകുതിയാകുന്നതിനു മുന്‍പേ തന്നെ ആരും കാണാതെ കളയേണ്ടി വന്നു(ഉറുമ്പിനൊരു സ്വാദുമില്ല).
എല്ലാവരെയും പോലെ എനിക്കുമുണ്ടായിരുന്നു മനോഹരമായൊരു കുട.ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന ചിത്രകഥയിലെപോലെ നിറം ഇല്ലാത്തതായിരുന്നില്ല എന്റെ കുട.എത്ര ഒതുക്കി പിടിച്ചാലും കാറ്റ് വന്നു എന്റെ ഷര്‍ട്ടും നിക്കറും നനയിക്കാറുണ്ടായിരുന്നു.
ക്ലാസ്സില്‍ എന്റെ മുഖത്തോട് മുഖം നോക്കിയിരിക്കുന്ന ആ പെണ്‍കുട്ടി ആരാണ്? വാലിട്ടു കണ്ണെഴുതി,പൊട്ടും തൊട്ട്,മുടി രണ്ടു വശത്തേക്കും ചീകി,റിബ്ബണ്‍ വെച്ച് കെട്ടിയിരിക്കുന്ന ആ പെണ്ണാണ് ഏറ്റവും സുന്ദരിയെന്നു ഞാന്‍ വിചാരിച്ചു."നീലാകാശം പീലികള്‍ വിരിയും പച്ചത്തെങ്ങോല" ,ടീച്ചര്‍ ഈണത്തില്‍ ചൊല്ലുകയാണ്,അതേറ്റു പിടിച്ചു ഞങ്ങളും.
ശ്രീജയായിരുന്നു എന്റെ ആദ്യ കൂട്ടികാരി.അവള്‍ക്കല്പം കൊഞ്ഞ്ച്ചലുന്ടെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.ഉച്ചയ്ക്ക് ശേഷം ഞാനും ശ്രീജയും നെഴ്സറിയിലേക്ക് പോവും. ഉച്ചകഴിഞ്ഞ് ഞങ്ങള്‍ അവിടാണ്,എന്തിനായിരുന്നു ഞങ്ങളെ രണ്ടു പേരെയും അങ്ങോട്ട് മാറ്റിയതെന്നറിയില്ല.ചോറുണ്ട്ടതിനു ശേഷം ഉറക്കം ആരംഭിച്ചിരിക്കുന്ന കുട്ടികള്‍,അവര്‍ക്കിടയിലേക്ക് ടീച്ചര്‍ എന്നെയും പിടിച്ചു കിടത്തും.നാളിതു വരെ ഉച്ചയുറക്കം ശീലമല്ലാതിരുന്ന എനിക്കതൊരു ബുദ്ധിമുട്ടായിരുന്നു.എങ്കിലും നെഴ്സറിയിലേക്ക് പോവാന്‍ എനിക്ക് മതിയായ കാരണങ്ങളുണ്ടായിരുന്നു.ഊഞ്ഞാല്‍,ചാടുന്ന കുതിര,ആടുന്ന താറാവ് ഇത്രയും മതിയായിരുന്നു എന്നെ അങ്ങോട്ടടുപ്പിക്കാന്‍.
മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ആയതിനാല്‍ എന്നെയും ശ്രീജയെയും കേട്ഴുത്ത്തിടും.അഞ്ചു വാക്കില്‍ നാലെണ്ണം ഞാന്‍ ശരിയാക്കാറുണ്ടായിരുന്നു,ശ്രീജയുടെ സ്ലേറ്റ് നോക്കിയെഴുതിയിട്ടാന്നെന്നു മാത്രം.ഒരിക്കല്‍ ടീച്ചര്‍ അത് കണ്ടു പിടിച്ചു.
ഇത് ആരാണാവോ ഈ പുതിയ കുട്ടി,കരഞ്ഞു കൊണ്ടാണ് വരവ്,കൂടെ അമ്മയുമുണ്ടായിരുന്നു.എന്താ ഈ കുട്ടി കരയുന്നത്,ടീച്ചര്‍ ചോദിച്ചു,ഇവളെപ്പോഴും ഇങ്ങനെയാ ടീച്ചറെ എന്ന് ആ കുട്ടിയുടെ അമ്മ മറുപടി പറഞ്ഞു.കരയുന്ന ആ പെണ്‍കുട്ടിയെ ഞാന്‍ കൌതുകത്തോടെ നോക്കി,കരഞ്ഞു കലങ്ങിയ കണ്ണുകള്‍.സ്കൂളില്‍ വരാന്‍ മടിയായിട്ടണോ ഈ കുട്ടി കരയുന്നത്?ബാക്കിയുള്ള കുട്ടികളെല്ലാം പുതിയ അന്തരീക്ഷവുമായി പോരുത്തപ്പെട്ടിരുന്നു.കരയുന്ന ആ പെണ്‍കുട്ടി പിന്നീട് എന്റെ സുഹൃത്തായി മാറി.ഒരേ ബെഞ്ചില്‍ ഇരുന്ന ഞങ്ങളില്‍ എല്ലാ കാര്യത്തിലും ഐക്യം ഉണ്ടായിരുന്നതതി എനിക്ക് തോന്നി.
ജീവിതം ഒരു കൌതുകമായിരുന്നു ആ നാളുകളില്‍. മഴയുടെ താളത്തിനനുസരിച്ച് ആടിയും പാടിയും മഴ നനഞ്ഞും ആ വിധ്യലായ് വര്‍ഷങ്ങള്‍ അവിസ്മരണീയമാക്കി.അങ്ങ് കിഴക്ക് നിന്നും കേള്‍ക്കുന്ന മഴയുടെ ആരവം വീട്ടുമുറ്റതെതുംപോഴേക്കും കളിപ്പാട്ടം കിട്ടിയവന്റ്റെ ആഹ്ലാദത്തോടെ വെളിയിലേക്ക് കുതിച്ചു ചാടുമായിരുന്നു.എത്ര വലിയ മഴയാണെങ്കിലും അതൊരു ശല്യമായി ഒരിക്കലും തോന്നിയിട്ടില്ല.പുറത്തു മഴ പെയ്യുമ്പോള്‍ മൂടി പുതച്ചു,മഴയുടെ താള ക്രമം കേട്ട് കിടന്നുറങ്ങാന്‍ ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.അതെത്ര മാത്രം പ്രിയങ്കരമാണെന്ന് മനസ്സിലാകുന്നത് ഇപ്പോള്‍ മഴക്കായി കാത്തിരിക്കുമ്പോഴാണ്.
മഴ മാറി,മഞ്ഞു വന്നു,വേനലും പോയി മറഞ്ഞു.വര്‍ഷങ്ങള്‍ പോയത് ഞാന്‍ അറിഞ്ഞിരുന്നില്ല.ജീവിതത്തിലെ യാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോഴാണ് കഴിഞ്ഞു പോയ കാലങ്ങള്‍ എത്ര മാത്രം മനോഹരമാനെന്നറിയുന്നത്.കടന്നു പോയ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നറിയുംപോഴാണ് കൂടുതല്‍ വേദന തോന്നുന്നത്.നഗ്നമായ ആ യാഥാര്‍ഥ്യം സൌകര്യ പൂര്‍വ്വം മറക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.മഴ മോഹിച്ചു കാത്തിരുന്നവനു ഇത്തിരി നിലാവെളിച്ചമെങ്കിലും പ്രകൃതി സമ്മനിചിരുന്നെങ്കില്‍ ....പഴയ ബാല്യ കാലം ഇപ്പോഴും ഓര്‍മ്മ വരാറുണ്ട്.അപ്പോഴ്ല്ലാം ഞാന്‍ വെളിയിലേക്ക് നോക്കിയിരിക്കും ,മഴവരുന്നുണ്ടോയെന്നു ,
മഴ കാണാനില്ലായിരുന്നു,കുട ചൂടി സ്കൂളില്‍ പോകുന്ന കുട്ടികളും..........
Tuesday, September 29, 2009
Subscribe to:
Posts (Atom)